Parish History


ഈ സ്ഥലത്തിനു പഴയ ഗവണ്‍മെന്റ് രേഖകളില്‍ സന്തന്ത്ര വെട്ടുകാട്, ചാന്തത്തുറ, വെട്ടുകാടു തുറയില്‍ എന്നീ പേരുകള്‍ കാണുന്നുണ്ട്.
27-11-2012

ഈ സ്ഥലത്തിനു പഴയ ഗവണ്‍മെന്റ് രേഖകളില്‍ സന്തന്ത്ര വെട്ടുകാട്, ചാന്തത്തുറ, വെട്ടുകാടു തുറയില്‍ എന്നീ പേരുകള്‍ കാണുന്നുണ്ട്. ചരിത്രപരമായി പോര്‍ട്ടുഗീസുകാര്‍ നമ്മുടെ അയല്‍ ഇടവകയായ പുത്തന്‍ത്തോപ്പില്‍ തമ്പടിച്ച് താമസിച്ചിട്ടുണ്ട്. അതിന്റെ ഭാഷാസ്വാധീനം നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്. 'സാന്തേ അന്തരേ' എന്ന പോര്‍ട്ടുഗീസ് വാക്കില്‍ നിന്നായിരിക്കും സെന്റാന്‍ഡ്രൂസ് എന്ന പേരു കടന്നു വന്നത്. ഒരു പക്ഷേ ക്രിസ്തു ശിഷ്യനായ അന്ത്രയോസിന്റെ പേരില്‍ തന്നെ പള്ളിയുടെ പേരും സ്ഥലനാമവും ഒരുമിച്ച് വരുന്നത് ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. ഈ ഇടവകയുടെ തലപ്പള്ളി പുത്തന്‍ത്തോപ്പ് പള്ളിയായിരുന്നു. നമുക്ക് രണ്ടു ഉപ പള്ളികളുണ്ടായിരുന്നു.

1. സെന്റ് ഡോമിനിക്ക് വെട്ടുകാട്

2. ഫാത്തിമാപുരം ചിറ്റാറ്റുമുക്ക്

ഇടവക ആദ്യമായിട്ട് സെമിത്തേരിക്ക് വേണ്ടിയാണ് സ്ഥലം വാങ്ങിക്കുന്നത്. കൊല്ലവര്‍ഷം 1073-ല്‍ അതായത് എ.ഡി 1898 -ല്‍ ആണ് 73 സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് 1093 -ല്‍ അതായത് എഡി 1918- ല്‍ അന്ന് വികാരിയായിരുന്ന റവ. ഫാദര്‍ ഫ്രാന്‍സിസ് ഡിസൂസായുടെ കാലത്ത് ഒരു ഏക്കര്‍ സ്ഥലവും വാങ്ങി. ആ വര്‍ഷം തന്നെ 22 സെന്റ് സ്ഥലം വാങ്ങി. 1921-ല്‍ 43 സെന്റും 1930-ല്‍ 4 സെന്റും ആ വര്‍ഷം തന്നെ വീണ്ടും 2 സെന്റ് സ്ഥലവും 47 സെന്റ് സ്ഥലവും വാങ്ങി. 1933-ല്‍ 1 ഏക്കര്‍ സ്ഥലവും 1934-ല്‍ 53 സെന്റ് സ്ഥലവും 1937-ല്‍ 10 സെന്റ് സ്ഥലവും 1951-ല്‍ ഒരു ഏക്കര്‍ സ്ഥലം ചിറ്റാറ്റുമുക്കിലും വാങ്ങി.

ഇപ്പോള്‍ 12 കുടുംബ യൂണിറ്റുകളുണ്ട്. ഏകദേശം 480 കുടുംബങ്ങളാണ് ഈ ഇടവകയിലുള്ളത്.

1970-ല്‍ ശ്രീമാന്‍ സെലസ്റ്റീന്‍ എക്സ് പെരേരയും കുടുംബവും നേര്‍ച്ചയായിട്ട് പണി കഴിപ്പിച്ചതാണ് പള്ളിയുടെ മുമ്പിലുള്ള മാതാവിന്റെ ഗ്രോട്ടോ.

ഇടവക വികാരി ലാഡിസ്ലാവ്സ് മെന്റ്സ് അച്ചന്റെ കാലത്ത് മൂന്നു വര്‍ഷക്കാലം (1972-74) രൂപതയുടെ മൈനര്‍ സെമിനാരി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അന്ന് വൈദിക വിദ്യാര്‍ത്ഥികള്‍ക്കായി പണിത ഡോര്‍മറ്ററി ആയിരുന്നു പില്‍ക്കാലത്ത് പാരിഷ്ഹാള്‍ ആയി രൂപാന്തരപ്പെട്ടത്. ഈ ഹാള്‍ പണി പൂര്‍ത്തിയാക്കിയത് 1988-ല്‍ ആയിരുന്നു.

പള്ളിമേട ആദ്യം രണ്ടുനില കെട്ടിടമായിരുന്നു. 1991-ല്‍ ഫാദര്‍ ജോസഫ് സേവ്യറിന്റെ കാലത്ത് മേല്‍ഭാഗം പൊളിച്ചുമാറ്റി ഇപ്പോഴത്തെ നിലയില്‍ ടെറസ് കെട്ടിടമാക്കി.

ഈട്ടിത്തടിയില്‍ കൊത്ത് പണി ചെയ്ത മദ്ബഹയാണ് നമുക്കു ഉണ്ടായിരുന്നത്. 1999 ഡിസംബറില്‍ ബഹുമാനപ്പെട്ട ജോര്‍ജ് അച്ഛന്റെ ഇരുപത്തഞ്ചാം പട്ടാഭിഷേക വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം സംഭാവന നല്‍കിയ ക്രൂശിത രൂപം മദ്ധ്യഭാഗത്ത് സ്ഥാപിച്ച് മദ്ബഹാ പുതുക്കി പണിതു.

പരേതനായ ശ്രീമാന്‍ ബേര്‍ണി പെരേരയുടെ ഓര്‍മ്മയ്ക്കായി കുടുംബാംഗങ്ങള്‍ 2004-ല്‍ പള്ളിക്ക് ഒരു ജനറേറ്റര്‍ സംഭാവന നല്കുകയുണ്ടായി.

2004 ഡിസംബറില്‍ ബലി പീഠത്തിനു ചുറ്റുമുള്ള തറ ഗ്രാനൈറ്റ് പാകി മോടി പിടിപ്പിച്ചു. ഇതിന് സംഭാവന നല്കിയത് പള്ളിക്ക് സമീപത്തുള്ള ജൂപ്പിറ്ററില്‍ താമസക്കാരായ ശ്രീമതിമാര്‍ റെയ്ച്ചല്‍, റീഗല്‍, റീന എന്നീ സഹോദരിമാരാണ്.

2005 മാര്‍ച്ച് മാസത്തില്‍ ശ്രീമാന്‍ പി.ബി. ആന്റണിയും കുടുംബവും സംഭാവന നല്കിയ അന്ത്യ അത്താഴ ചിത്രമുള്ള അള്‍ത്താര സ്ഥാപിച്ചു.

Vincent De Paul
1984-ല്‍ ഈ സൊസൈറ്റി ഈ ഇടവകയില്‍ സ്ഥാപിതമായി. സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റ് ശ്രീമാന്‍ സാബാ.ജി.ഗോമസ് ആയിരുന്നു. പള്ളിയില്‍ നിന്ന് അനുവദിച്ച സ്ഥലത്ത് 1994 ഏപ്രില്‍ മാസത്തില്‍ സ്വന്തമായി ഒരു കെട്ടിടം പണിയുകയും തിരുവനന്തപുരം രൂപതാദ്ധ്യക്ഷന്‍ സൂസൈപാക്യം തിരുമേനി കൂദാശകര്‍മ്മം നടത്തുകയും ചെയ്തു. ഫാദര്‍ ജോസഫ് സേവ്യര്‍ ആയിരുന്നു ഇടവക വികാരി.

Mahila Samajam
പള്ളിവക സ്ഥലത്ത് 1990-ല്‍ സ്വന്തമായി ഒരു കെട്ടിടം നിര്‍മ്മിച്ചു.